യു.പി.ഐ പേയ്മെന്റുകൾക്ക് ടാപ് ആൻഡ് പേ സംവിധാനം എത്തുന്നു. ജനുവരി 31ഓടെ എല്ലാ യു.പി.ഐ ഇപാടുകാർക്കും ടാപ് ആൻഡ് പേ സംവിധാനം ലഭിച്ചു തുടങ്ങുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. നിലവിൽ ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനങ്ങൾക്ക് പുതിയ സംവിധാനം നടപ്പാക്കാൻ അന്തിമ തീയതി നിർദേശിച്ചിട്ടില്ല. പേയ്മെന്റ് കമ്പനികൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെ ആപ്പിൽ യു.പി.ഐ ടാപ്പ് ആൻഡ് പേ ഫീച്ചർ സൗകര്യം നടപ്പാക്കാം. ഭീം ആപ്പ്, പേയ്‌ടിഎം എന്നീ ആപ്പുകളിൽ നിലവിൽ ഈ സൗകര്യം ലഭ്യമാണെന്നാണ് എൻ.പി.സി.ഐയുടെ വെബ്സൈറ്റ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് യു.പി.ഐ ടാപ് ആൻഡ് പേ സൗകര്യം അവതരിപ്പിച്ചത്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) ടെക്നോളജി പ്രയോജനപ്പെടുത്തി പണം നൽകുന്നയാളുടെ യു.പി.ഐ ഐഡി അഥവാ വിർച്വൽ പേയ്മെന്റ് അഡ്രസ് (VPA) ശേഖരിച്ച് ഇടപാട് നടത്തുന്ന സംവിധാനമാണിത്. ക്യു.ആർ കോഡ് ഉപയോഗിക്കാതെ ക്യാമറ വഴി പേയ്മെന്റ് സാധ്യമാകും.
ആൻഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകളിൽ ഈ സൗകര്യം ലഭ്യമാകും. യു.പി.ഐ ലൈറ്റ് അക്കൗണ്ട് ഉള്ള ഉപയോക്താക്കൾക്ക് നിലവിൽ 500 രൂപയിൽ താഴെയുള്ള ഇടപാടുകൾ ടാപ് ഫീച്ചർ വഴി ചെയ്യാം. 500 രൂപയ്ക്ക് മുകളിൽ ഉള്ളവയ്ക്ക് യു.പി.ഐ പിൻ ആവശ്യമാണ്.