യുപിഐ പണമിടപാടുകള്‍ പുതിയ റെക്കാഡിൽ

0
529

രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകള്‍ പുതിയ റെക്കാഡിലെത്തി. മേയില്‍ യു.പി.ഐ ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അറിയിച്ചു. ഒരുമാസം ഇടപാടുകള്‍ 900 കോടി കടക്കുന്നത് ആദ്യമായാണ്. ഇതുവരെയുള്ള റെക്കാഡ്

ഏപ്രിലില്‍ നടത്തിയ 889.81 കോടി ഇടപാടുകളായിരുന്നു. മാര്‍ച്ചില്‍ 868.53 കോടിയും ഫെബ്രുവരിയില്‍ 753.34 കോടിയും യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്.

തുക കൈമാറ്റത്തില്‍ 43% വര്‍ദ്ധന
മേയില്‍ യു.പി.ഐ വഴി കൈമാറ്റം ചെയ്യപ്പെട്ട തുകയിലും റെക്കാഡ് സൃഷ്ടിച്ചു. മൊത്തം 14.89 ലക്ഷം കോടി രൂപയാണ് മേയില്‍ കൈമാറിയത്. മാര്‍ച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് മറികടന്നത്. ഏപ്രിലില്‍ മൂല്യം 14.07 ലക്ഷം കോടി രൂപയായിരുന്നു.
2022 മേയിലെ ഇടപാടുകളെ അപേക്ഷിച്ച് കഴിഞ്ഞമാസം മൂല്യം 58 ശതമാനവും എണ്ണം 43 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. 2022 മേയില്‍ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്.

മേയിലെ അവസാന 10 ദിവസങ്ങളിലായി മാത്രം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്ന് എന്‍.പി.സി.ഐ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലാകെ 8,376 കോടി ഇടപാടുകള്‍ യു.പി.ഐ വഴി നടന്നു. 139 ലക്ഷം കോടി രൂപയാണ് ഈ കാലയളവിലെ ഇടപാട് മൂല്യം. 2021-22ല്‍ ഇടപാടുകള്‍ 4,597 കോടിയും മൂല്യം 84 ലക്ഷം കോടി രൂപയുമായിരുന്നു.