5ജി ആറ് മാസത്തിനകം: 3ജി സേവനം അവസാനിപ്പിക്കാനും വോഡഫോൺ ഐഡിയ

0
553

6-7 മാസത്തിനകം 5ജി സേവനം അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ച് പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Vi). 2024-25 സാമ്പത്തിക വർഷത്തോടെ കമ്പനി 3ജി സേവനം പൂർണമായി അവസാനിപ്പിച്ചേക്കും. കൂടുതൽ ഉപയോക്താക്കളെ 5 ജിയിലേക്ക് ആകർഷിക്കുന്നതിന് നിലവിൽ ലഭ്യമായ 2ജി, 3ജി സേവനങ്ങൾ നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വോഡഫോൺ ഐഡിയയും റിലയൻസ് ജിയോയും കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.

2ജി സൗകര്യമുള്ള മൊബൈൽ ഫോണാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ഉപയോഗിക്കുന്നത്. യൂണിവേഴ്‌സൽ സർവീസസ് ഒബ്ലിഗേഷൻ ഫണ്ടിലെ (USOF) ഉപയോഗിക്കാത്ത തുക പ്രയോജനപ്പെടുത്തി സബ്‌സിഡി പദ്ധതി അവതരിപ്പിച്ചാൽ ഇവരെ അതിവേഗം 4ജി, 5ജി സൗകര്യത്തിലേക്ക് ആകർഷിക്കാനാകുമെന്നും കമ്പനികൾ പറയുന്നു. ഏകദേശം 77,000 കോടി രൂപയാണ് യു.എസ്.ഒ.എഫിൽ ഉപയോഗിക്കാതെ കിടക്കുന്നത്.


മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, മുംബയ്, കൊൽക്കത്ത എന്നിവിടങ്ങളിലെ 3ജി സേവനം വോഡഫോൺ ഐഡിയ അവസാനിപ്പിച്ചു. 4ജി സേവനമാണ് ഇവിടങ്ങളിൽ നൽകുന്നത്. 5ജി സേവനം ലഭ്യമാക്കാനായി ഈ രംഗത്തെ സാങ്കേതിക വികസന കമ്പനികളുമായി വോഡഫോൺ ഐഡിയ ചർച്ചകൾ നടത്തി വരികയാണ്.