ബജാജ് ഫിനാൻസിനെതിരെ നടപടിയുമായി റിസർവ് ബാങ്ക് (ആർ.ബി.ഐ). ബജാജ് ഫിനാൻസിന്റെ രണ്ട് വായ്പാ ഉത്പ്പന്നങ്ങളായ ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡ് എന്നിവ വഴിയുള്ള വായ്പകളുടെ അനുമതിയും വിതരണവും ഉടനടി നിർത്താൻ റിസർവ് ബാങ്ക് നിർദേശിച്ചു. ഡിജിറ്റൽ വായ്പാ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
ആർ.ബി.ഐ നിയമ പ്രകാരം വായ്പാ കരാറുമായി മുന്നോട്ട് പോകുന്നതിന് ഉപയോക്താവിന് ഒരു സ്റ്റാൻഡേർഡ് കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റ് സ്ഥാപനം നൽകണം. ഇതിൽ വായ്പയുടെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെ വാർഷിക ശതമാന നിരക്ക്, റിക്കവറിയുടെ നിബന്ധനകളും വ്യവസ്ഥകളും, കാലയളവ്, പരാതിയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയുണ്ടാകും. ഇത് ഉപഭോക്താക്കളുമായി പങ്കിടേണ്ടത് നിർബന്ധമാണ്.
ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡ് എന്നീ രണ്ട് വായ്പാ ഉത്പ്പന്നങ്ങൾക്ക് കീഴിലുള്ള വായ്പക്കാർക്ക് സ്റ്റാൻഡേർഡ് കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റ് നൽകാത്തതിനെ തുടർന്നാണ് ബജാജ് ഫിനാൻസിനെതിരെ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചത്. റിസർവ് ബാങ്കിന്റെ നിർദ്ദേശത്തെത്തുടർന്ന് രണ്ട് വായ്പാ ഉത്പ്പന്നങ്ങൾക്ക് കീഴിലുള്ള പുതിയ വായ്പകളുടെ അനുമതിയും വിതരണവും കമ്പനി താൽക്കാലികമായി നിർത്തിവച്ചു.