സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർക്കും ജോലി ചെയ്യാൻ അവസരമൊരുക്കാൻ യു.കെ. ഇതിനായി വിസ നിയമങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തിയേക്കും. യു.കെയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന വ്യക്തികൾക്ക് ബിസിനസ് ക്ലയന്റുമായി ചേർന്ന് പ്രവർത്തിക്കാനും വിദൂര ജോലി (Remote Work) ചെയ്യാനും അനുവദിക്കുന്ന വിധത്തിലാകും മാറ്റം വരുത്തുക. പുതിയ നീക്കം രാജ്യത്തെ ടൂറിസവും ബിസിനസും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
സന്ദർശകർക്ക് യു.കെയിൽ ജോലി ചെയ്യാമെങ്കിലും അങ്ങോട്ട് എത്താനുള്ള പ്രധാന കാരണം അതാകരുത്. കൂടാതെ രാജ്യത്ത് എത്തുന്ന അഭിഭാഷകർക്ക് ഉപദേശങ്ങൾ നൽകൽ, നിയമ നടപടികളിൽ പങ്കെടുക്കൽ, പഠിപ്പിക്കൽ പോലുള്ള അധിക പ്രവൃത്തികളിലേർപ്പെടാം. ഒപ്പം സന്ദർശക വിസയിലെത്തുന്ന പ്രാസംഗികർക്ക് അവർ നടത്തുന്ന പരിപാടികൾക്ക് പണം ഈടാക്കാനും സാധിക്കും. സന്ദർശക വിസകളിൽ വലിയ മാറ്റം വരുത്തികൊണ്ടുള്ള ഇമിഗ്രേഷൻ നിയമങ്ങൾ യു.കെ സർക്കാർ പുറത്തുവിട്ടു. ജനുവരി 31 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കായി യു.കെയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾ ആശ്രിതരെ ഒപ്പം കൂട്ടുന്നതിനുള്ള നിയന്ത്രണം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തേക്കുള്ള കുടിയേറ്റം വൻതോതിൽ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഇനി മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച്ച് പ്രോഗ്രാമുകൾ ചെയ്യാനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് മാത്രമേ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ ബ്രിട്ടനിലെത്തിക്കാൻ സാധിക്കൂ.