വിസ്താര ജീവനക്കാരുടെ ലയനം:നടപടികൾ തുടങ്ങി

Related Stories

വിസ്താര എയർലൈൻസ് ജീവനക്കാരെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിസ്താര സി.ഇ.ഒ വിനോദ് കണ്ണനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ഏപ്രിലോടെ ഇതിനാവശ്യമായ റെഗുലേറ്ററി ക്ലിയറൻസുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വ്യോമയാന സാമ്രാജ്യം ശക്തിപ്പെടുത്താനും വിപണിയിൽ മുന്നിൽ നിൽക്കുന്ന ഇൻഡിഗോയുമായി മത്സരിക്കാനുമാണ് ടാറ്റ ഗ്രൂപ്പിന്റെ ഈ നീക്കം. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ഈ സഹകരണം എയർലൈനുകളെ ഏകീകരിക്കുന്നതിലെ സുപ്രധാന ചുവടുവയ്പായാണ് കണക്കാക്കുന്നത്. യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ലയന പ്രക്രിയ സംബന്ധിച്ച് പൈലറ്റുമാരുമായും ക്യാബിൻ ക്രൂ അംഗങ്ങളുമായും എയർലൈൻ ചർച്ചകളിൽ സജീവമാണ്. കൂടാതെ, റെഗുലേറ്ററി ആവശ്യകതകൾ പാലിക്കുന്നതിന് സിംഗപ്പൂരിലെ അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികൾ തേടുന്ന പ്രക്രിയയിലാണ് വിസ്താര.

ലയനം ഇന്ത്യയുടെ എയർലൈൻ വ്യവസായത്തിൽ ത്തന്നെ വലിയ മാറ്റങ്ങൾക്ക് കാരണമാകും. മാത്രമല്ല, രാജ്യത്തെ വ്യോമയാന മേഖലയിൽ ശക്തമായ സാന്നിധ്യമായി എയർ ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. കൂടാതെ വിദേശ സർവീസുകളുടെ എണ്ണത്തിലും എയർ ഇന്ത്യ മുൻനിരയിലെത്തും. നവംബറിലാണ് വിസ്താര -എയർ ഇന്ത്യ ലയനം പ്രഖ്യാപിച്ചത്.

ഇപ്പോൾ വിസ്താരയുടെ 51 ശതമാനം ഉടമസ്ഥാവകാശം ടാറ്റയ്ക്കും ബാക്കിയുള്ള 49 ശതമാനം സിംഗപ്പൂർ എയർലൈൻസിനുമാണ്. ഇരു കമ്പനികളും ഒരുമിക്കുന്നതോടെ വിസ്താര എയർലൈൻസ് ഇല്ലാതാകും. എയർ ഇന്ത്യിൽ 2059 കോടി രൂപ നിക്ഷേപിക്കുന്ന സിംഗപ്പൂർ എയർലൈൻസിന് 25 ശതമാനം ഓഹരി പങ്കാളിത്തമാണ് ലഭിക്കുക. 2021 അവസാനം 18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories