തൊഴിലുറപ്പ് വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ മാത്രമെന്ന് കേന്ദ്രം

0
179

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(MGNREGS)ക്ക് കീഴിലുള്ള വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ (എ.ബി.പി.എസ്) മാത്രമെന്ന് കേന്ദ്രസർക്കാർ. ഡിസംബർ 31 ആയിരുന്നു വേതനവിതരണം ആധാർ അധിഷ്‌ഠിതമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന അവസാന തീയതി. തൊഴിലാളികളുടെ 12 അക്ക ആധാർ നമ്പർ ഉപയോഗിച്ചാണ് എ.ബി.പി.എസ് വഴി പണമിടപാട് നടത്തുന്നത്.


കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആധാർ ഡെമോഗ്രാഫിക് വെരിഫിക്കേഷൻ സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം നിലവിൽ 25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതിൽ 17.37 കോടി പേർ എ.ബി.പി.എസ്. സംവിധാനത്തിലേക്ക് മാറി. 32 ശതമാനം പേരാണ് ബാക്കിയുള്ളത്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് എ.ബി.പി.എസ് വഴി വേതനം നൽകുന്നത് നിർബന്ധമാക്കണമെന്ന് ഉത്തരവായത്. 2023 ഫെബ്രുവരി ഒന്നാണ് സർക്കാർ ആദ്യം സമയപരിധിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് പലതവണ നീട്ടുകയായിരുന്നു.