വാട്സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഇതുവഴി അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് ചില മെച്ചപ്പെട്ട പ്രീമിയം സൗകര്യങ്ങള്‍ ലഭിക്കുമെന്ന് വാട്സാപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
പ്ലേ സ്റ്റോറിലും ടെസ്റ്റ് ഫ്ളൈറ്റിലും ലഭ്യമായ വാട്സാപ്പ് ബിസിനസിന്റെ ആന്‍ഡ്രോയിഡ് ഐഒഎസ് ബീറ്റാ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത ചില ബിസിനസ് അക്കൗണ്ടുകള്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ സബ്സ്ക്രിപ്ഷന് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം സബ്സ്ക്രിപ്ഷന് പ്ലാന്‍ തിരഞ്ഞെടുക്കാം.
ഇതിനായി വാട്സാപ്പ് സെറ്റിങ്സില്‍ ‘വാട്സാപ്പ് പ്രീമിയം’ എന്ന പേരില്‍ പുതിയ സെക്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിലും ഇതിനുള്ള നിരക്കുകളില്‍ വ്യത്യാസമുണ്ടാവും. പ്രത്യേകം ബിസിനസ് ലിങ്കുകള്‍ ഉള്‍പ്പടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇതില്‍ ലഭിക്കും.