ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ നാനൂറിലധികം പുതിയ ജീവനക്കാരെ പിരിച്ചുവിട്ട് ഐടി ഭീമനായ വിപ്രോ. ഇവര്‍ക്ക് കമ്പനി പിരിച്ചുവിടല്‍ കത്ത് നല്കി. മതിയായ പരിശീലനം ലഭിച്ചിട്ടും പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പരിശീലന ചെലവായ 75000 രൂപ ഇവരില്‍ നിന്ന് ഈടാക്കേണ്ടിയിരുന്നുവെങ്കിലും കമ്പനി അത് ഒഴിവാക്കിയതായും കത്തലുണ്ട്.
‘ഓരോ എന്‍ട്രി ലെവല്‍ ജീവനക്കാരനില്‍ നിന്നും അവരുടെ നിയുക്ത തൊഴില്‍ മേഖലയില്‍ ഒരു നിശ്ചിത തലത്തിലുള്ള പ്രാവീണ്യം പ്രതീക്ഷിക്കുന്നു. ക്ലയിന്റുകളുടെ ആവശ്യങ്ങളും സ്ഥാപനത്തിന്റെ ബിസിനസ്സ് ലക്ഷ്യങ്ങളും ജീവനക്കാര്‍ എത്രത്തോളം പൂര്‍ത്തീകരിക്കുന്നു എന്നത് അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും പ്രകടനം വിലയിരുത്തുന്നതെന്നും കമ്പനി അറിയിച്ചു.
                                    
                        


