എല്ലാ ദിവസവും നമ്മള് വെറുതെ ഒഴുക്കി കളയുന്ന കഞ്ഞിവെള്ളം കൊണ്ട് കേശ സംരക്ഷണ ഉത്പന്നങ്ങള്‍ ഉണ്ടാക്കി കോടികള്‍ സമ്പാദിക്കുകയാണ് കൊല്‍ക്കത്ത സ്വദേശികളായ സ്തുതിയും അങ്കിത് കോത്താരിയും. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റര്‍ ജോലികള്‍ ഉപേക്ഷിച്ചാണ് ഈ ദമ്പതികള്‍ 2018ല്‍ വിഷ്കെയര്‍ എന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത്. ആദ്യം പ്രകൃതിദത്ത സൗന്ദര്യ സംരംക്ഷണ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചായിരുന്നു ഇരുവരുടെയും തുടക്കം. സ്വന്തമായി പരീക്ഷിച്ച് ഫലം ലഭിച്ചതോടെയാണ് വാണിജ്യാടിസ്ഥാനത്തില്‍ വില്പന ആരംഭിച്ചത്. വിപണിയില്‍ നല്ല ബ്രാന്‍ഡുകള്‍ ഉണ്ടായിരുന്നെങ്കിലും അവ സാധാരാണക്കാര്‍ക്ക് അപ്രാപ്യമാണെന്നും അവയിലടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ ദോഷം ചെയ്യുമെന്നും ഇരുവരും കണ്ടെത്തി. തികച്ചും പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ മാത്രം വിപണിയിലെത്തിക്കാനായി പിന്നീടുള്ള ശ്രമം.
കൊവിഡ് കാലത്താണ് കഞ്ഞിവെള്ളത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുവാന്‍ തുടങ്ങിയത്. ഇന്ന് വിഷ്കെയറിന്റെ ഫെര്‍മെന്റഡ് റൈസ് വാട്ടര്‍ ഷാംപുവിനും കണ്ടീഷ്ണറിനും ഹെയറോയിലിനും ഹെയര്‍ മാസ്കിനുമെല്ലാമാണ് ഏറ്റവും ആവശ്യക്കാര്‍. 400-500 രൂപ വരെയാണ് വില. മാസം ശരാശരി ഒരു ലക്ഷം ഓര്‍ഡറുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. റീസൈക്കിള്‍ ചെയ്ത കുപ്പികളില്‍ മാത്രമാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഇതും പരിസ്ഥിതിയോടുള്ള ഇവരുടെ ഉത്തരവാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.