അടുത്ത മൂന്ന് വര്‍ഷത്തിനകം ഒന്നര ലക്ഷം സംരംഭങ്ങളും മൂന്ന് ലക്ഷം വനിതകള്‍ക്ക് വരുമാനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുമായി ചേര്‍ന്ന് ഷീ സ്റ്റാര്‍ട്ട്‌സ് പദ്ധതി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍.
ആദ്യ ഘട്ടത്തില്‍ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ 40,000 സംരംഭങ്ങളെങ്കിലും രൂപീകരിക്കും. വ്യവസായ വകുപ്പും കുടുംബശ്രീയും ചേര്‍ന്നാണ് നിര്‍വ്വഹണം. വ്യവസായ വകുപ്പ് നിയോഗിച്ച ഇന്റേണുകളാണ് ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുക.
ജെറിയാട്രിക് കെയര്‍, വെല്‍നസ് ട്രെയിനിംഗ്, സ്പാ & സലൂണ്‍, ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് , ഡിസൈനര്‍ ബിന്ദി – ജ്വല്ലറി മേക്കിംഗ്, പെറ്റ് ഗ്രൂമിംഗ്, ഹൈഡ്രോപോണിക്‌സ് തുടങ്ങി ആധുനിക തൊഴിലുകളുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് പ്രധാനമായും പരിഗണനയിലുള്ളത്.
വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ വീട്ടമ്മമാര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി മാനവിഭവ ശേഷി വര്‍ധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താനും സാധിക്കണമെന്ന് കുടുംബശ്രീ സൂക്ഷ്മസംരംഭ വികസനത്തിന്റെ ഭാഗമായി കളമശേരിയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന മൈക്രോ എന്റര്‍പ്രൈസ് കോണ്‍ ക്ലേവില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി പി.രാജീവ് പറഞ്ഞു.