സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വനിതാ സംരംഭകര്‍ പുതുതായി ആരംഭിച്ചത് 35000ലധികം സംരംഭങ്ങളെന്ന് റിപ്പോര്‍ട്ട്. എട്ടു മാസം കൊണ്ടാണ് ഈ നേട്ടം.
35,000ത്തിലധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി സംരംഭക വര്‍ഷം മുന്നോട്ടുപോകുമ്പോള്‍ വ്യവസായ വകുപ്പിനും പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഇത് അഭിമാന നേട്ടമാണെന്ന് മന്ത്രി പി. രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. ഫുഡ് പ്രൊസസിങ്ങ്, ബയോടെക്നോളജി, ഐ.ടി, ഇലക്ട്രോണിക്സ്, വ്യാപാരമേഖല, ഹാന്റ്ലൂം-ഹാന്റിക്രാഫ്റ്റ് എന്നീ മേഖലകളിലുള്‍പ്പെടെ സമസ്ത മേഖലകളിലും സ്ത്രീകള്‍ സംരംഭങ്ങള്‍ ആരംഭിച്ചു. പല മേഖലകളിലും 30 ശതമാനത്തിലധികം സംരംഭങ്ങളും രജിസ്റ്റര്‍ ചെയ്തത് സ്ത്രീകളുടെ പേരിലാണ്.
തൃശ്ശൂര്‍ ജില്ലയില്‍ മാത്രം നാലായിരത്തിലധികം സംരംഭകര്‍ വനിതകളാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മൂവായിരത്തിലധികം വീതം വനിതാ സംരംഭകരുള്ളപ്പോള്‍ താരതമ്യേന വ്യവസായ രംഗത്ത് പിന്നോക്കം നില്ക്കുന്ന കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളിലും ആയിരത്തിലധികം വനിതകള്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ സംരംഭകരായി. ഈ സംരംഭകര്‍ക്ക് സ്കെയില്‍ അപ്പ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.