മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലുള്ള സ്ത്രീകളുടെ താൽപ്പര്യം വർധിക്കുന്നതായി കണക്കുകൾ. രാജ്യത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ വനിതകളുടെ പങ്ക് 2017-ലെ 15.2 ശതമാനത്തിൽ നിന്ന് 2023-ൽ 20.9 ശതമാനമായി ഉയർന്നതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) ഡാറ്റ ഉപയോഗിച്ച് ക്രിസിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രീതിയിലെ വനിതകളുടെ ശാക്തീകരണം, ഓഹരി വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള കൂടിയ താൽപര്യം എന്നിവയാണ് ഈ വർധനവ് സൂചിപ്പിക്കുന്നത്.
മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 50 ലക്ഷം കോടി രൂപ കടന്നപ്പോൾ വനിതകളുടെ സാന്നിധ്യവും ഗണ്യമായി വർധിച്ചു. ബി-30 വിഭാഗത്തിൽ പെട്ട പട്ടണങ്ങളിൽ വനിതാ നിക്ഷേപകരുടെ പങ്കാളിത്തം 15 ശതമാനത്തിൽ നിന്ന് 18 ശതമാനമായും അവരുടെ ആസ്‌തികൾ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായും ഉയർന്നു. 25-44 വയസിനിടയിലുള്ളവരാണ് വനിതാ നിക്ഷേപകരിൽ പകുതിയോളവും.
40 ശതമാനം വനിതാ നിക്ഷേപകരുള്ള ഗോവയാണ് ഇക്കാര്യത്തിൽ മുന്നിൽ. 30 ശതമാനവുമായി വടക്കു കിഴക്കൻ മേഖലയാണ് രണ്ടാം സ്ഥാനത്ത്. മ്യൂച്വൽ ഫണ്ട് രംഗത്തെ വനിതാ ഡിസ്ട്രിബ്യൂട്ടർമാരുടെ എണ്ണത്തിലും വർധനവുണ്ടായി.