കയര്‍ മാലിന്യത്തില്‍ നിന്ന് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുമായി ഒരു ആലപ്പുഴക്കാരി സംരംഭക. എംടെക്കുകാരിയായ ആര്‍ദ്ര നായര്‍ എന്ന 29കാരി 2021ലാണ് ഗ്രീനമര്‍ എന്ന തന്റെ സംരംഭം ആരംഭിച്ചത്. പ്രാദേശികമായി ലഭ്യമാകുന്ന കയര്‍ വേസ്റ്റ് ഉപയോഗിച്ച് പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ക്ക് പകരക്കാരനെ നിര്‍മിക്കുകയാണ് ഈ സംരംഭക.
ആലപ്പുഴയില്‍ മാത്രം 15 മാറ്റ് നിര്‍മാണശാലകളാണുള്ളത്. ഇവിടെയെല്ലാം മാലിന്യമായി തള്ളപ്പെടുന്ന 1 മുതല്‍ 2 എംഎമ്മിലുള്ള ചകിരി നാരുകള്‍ കാലക്രമേണ ഭൂമിയെ മലിനമാക്കും. ഈ കയര്‍ മാലിന്യത്തില്‍ നിന്ന് എന്തുകൊണ്ടൊരു മൂല്യവര്‍ധിത ഉത്പന്നം നിര്‍മിച്ചുകൂടാ എന്ന ചിന്തയാണ് ആര്‍ദ്രയെ സംരംഭകത്വത്തിലേക്ക് നയിച്ചത്.
ആദ്യം സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ കണ്ടെയ്‌നറുകള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീടത് ഭക്ഷ്യ, ഫാര്‍മസ്യൂട്ടിക്കല്‍ പാക്കേജിങ്ങുകളിലേക്കു വിപുലീകരിച്ചു. 2021ല്‍ ഗ്രീനമര്‍ എന്ന സ്റ്റാര്‍ട്ടപ്പ് രൂപീകരിച്ചു.
ചകിരിയും ബയോപോളിമറും ചേര്‍ത്താണ് പ്ലാസ്റ്റിക്കിന് പകരമായുള്ള കണ്ടെയ്‌നര്‍ നിര്‍മാണം നടത്തുന്നത്. ഏറെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇങ്ങനൊരു മിശ്രിതം രൂപപ്പെടുത്തിയതും.
2024 ഓടെ രാജ്യത്ത് മൂന്ന് ലക്ഷം കണ്ടെയ്‌നറുകളെങ്കിലും വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളുടെ ഉപയോഗം കുറച്ച് ഇതുവഴി 4.35 മെട്രിക് ടണ്‍ കാര്‍ബണ്ടയോക്‌സൈഡ് എമിഷന്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.