ആരോഗ്യമേഖലയെ നവീകരിക്കാൻ ബൃഹത് പദ്ധതി:ലോക ബാങ്കില്‍ നിന്ന് 2100 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

0
1005

ആരോഗ്യമേഖലയെ നവീകരിക്കാൻ ലോകബാങ്കിൽ നിന്നും കടമെടുക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ലോകബാങ്കിന്റെയും അംഗീകാരം ലഭിച്ചു. 3,000 കോടി രൂപയുടെ പദ്ധതിക്കായി 2100 കോടി രൂപ ലോകബാങ്കിൽ നിന്ന് വായ്‌പയായി എടുക്കും. ബാക്കിയുള്ള 900 കോടി രൂപ സർക്കാരിന്റെ ഖജനാവിൽ നിന്നെടുക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമ കെയറിനുള്ള അടിസ്ഥാന സൗകര്യ വികസനം, വിതരണ ശൃംഖല എന്നിവ ശക്തിപ്പെടുത്തുക, സാംക്രമികേതര രോഗങ്ങൾക്കുള്ള ചികിത്സ, ഗവേഷണം, ശിശു സംരക്ഷണ പദ്ധതികൾ, സമഗ്ര ആരോഗ്യ സംവിധാനത്തിന്റെ മെച്ചപ്പെടുത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണ് വായ്‌പയെടുക്കുന്നത്.

അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന പദ്ധതി ഈ വർഷം അവസാനത്തോടെ ആരംഭിക്കും. ആദ്യ വർഷം 562.5 കോടി രൂപയും, രണ്ടും മൂന്നും നാലും വർഷങ്ങളിൽ 750 കോടി രൂപ വീതവും, അഞ്ചാം വർഷം 187.5 കോടി രൂപയും പദ്ധതിക്കായി കൈമാറും. പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്‌ധരെ ഉൾപ്പെടുത്തി കമ്മിറ്റികളും രൂപീകരിച്ചു.