കന്നി യാത്രയ്ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ ‘ഐക്കൺ ഓഫ് ദി സീസ്’. ടൈറ്റാനിക്കിനെക്കാൾ അഞ്ചിരട്ടി വലുതാണ് ഐക്കൺ ഓഫ് ദി സീസ് എന്നാണ് നിർമ്മാതാക്കളായ റോയൽ കരീബിയൻ ഇന്റർനാഷണൽ അവകാശപ്പെടുന്നത്.
ഐക്കൺ ഓഫ് ദി സീസിന് 1,200 അടിയോളം നീളവും 2,50,800 ടൺ ഭാരവുമുണ്ടെന്നാണ് റിപ്പോർട്ട്. 20 നിലകളുളള ഈ ആഡംബര കപ്പലില്‍ ഒരേ സമയം 5,610 മുതല്‍ 7,600 വരെയാളുകള്‍ക്ക് യാത്ര ചെയ്യാം. ഏകദേശം 2 ബില്യൺ ഡോളറാണ് കപ്പലിന്റെ വില. 20 നിലകളിൽ 18 എണ്ണം യാത്രക്കാർക്ക് അനുവദിച്ചിട്ടുണ്ട്. ക്രൂയിസിൽ 40 റെസ്റ്റോറന്റുകളും, ബാറുകളും, ലോഞ്ചുകളും, 55 അടിയോളമുള്ള ആറ് വെള്ളച്ചാട്ടങ്ങളും ഏഴു പൂളുകളുമുണ്ട്. യാത്രക്കാർക്ക് സേവനം നല്കുന്നതിന് 2,350 ജീവനക്കാരാണ് ക്രൂയിസിലുള്ളത്.
ഫ്ലോറിഡയിലെ മിയാമിയിൽ നിന്നാണ് പടിഞ്ഞാറൻ കരീബിയനിൽ 7 രാത്രികൾ ഉൾക്കൊള്ളുന്ന യാത്ര ആരംഭിക്കുന്നത്. റോയൽ കരീബിയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഒരാൾക്ക് 1.5 മുതൽ 2 ലക്ഷം വരെ യാത്രയ്ക്ക് ചെലവാകും.