നിയമ ലംഘനം നടത്തിയതായും കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് ബിനാൻസിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് പടിയിറങ്ങി സ്ഥാപകൻ ചാങ്പെങ് ഷാവോ. നിയമ ലംഘനത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസിന് യു.എസ് നീതിന്യായ വകുപ്പ് 36,000 കോടി രൂപ (4.3 ബില്യൺ ഡോളർ) പിഴയും ചുമത്തി.
2017ൽ ആരംഭിച്ച ബിനാൻസ് ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജനപ്രീതി നേടിയത്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയന്ത്രണങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ബിനാൻസ് വിവാദങ്ങളിലകപ്പെട്ടു.
കമ്പനിയുടെ റീജിയണൽ മാർക്കറ്റുകളുടെ മുൻ ഗ്ലോബൽ ഹെഡ് റിച്ചാർഡ് ടെങാണ് എക്സ്ചേഞ്ചിന്റെ പുതിയ സി.ഇ.ഒ. ബിനാൻസിലും ക്രിപ്റ്റോ വ്യവസായത്തിലും വിശ്വാസം, സുതാര്യത എന്നിവ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിച്ചാർഡ് ടെങ് പറഞ്ഞു.