ഷവോമിയെ ഇന്ത്യയില്‍ വളര്‍ത്തിയ മനു കുമാര്‍ ജെയിന്‍ രാജി വച്ചു

0
99

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുടെ ഇന്ത്യയിലെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ച മനുകുമാര്‍ ജെയിന്‍ കമ്പനിയില്‍ നിന്ന് രാജിവച്ചു. ബീജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് ജെയ്ന്‍ കമ്പനി വിടുന്നത്. മുന്‍പ് ഇന്ത്യ യൂണിറ്റ് മേധാവിയായിരുന്നു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അദ്ദേഹം പുറത്തുവിട്ടത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജോലി ചെയ്തിരുന്ന ഷവോമിയില്‍ നിന്നും രാജിവച്ചെന്നും അടുത്ത ഏതാനും മാസം അവധിയെടുത്ത ശേഷമാകും പുതിയ ഒരു ജോലിയില്‍ പ്രവേശിക്കുക എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
2014ല്‍ ഷവോമി ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിച്ചപ്പോള്‍ മുതല്‍ ഇദ്ദേഹം കമ്പനിക്കൊപ്പമുണ്ട്. അന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും പോലുള്ള ഇ കൊമേഴ്‌സ് സൈറ്റുകളിലൂടെയുള്ള വില്‍പന വഴി വ്യത്യസ്ഥമായൊരു സ്ട്രാറ്റജി തന്നെ ഇദ്ദേഹം ഷവോമിക്കായി രൂപകല്‍പന ചെയ്തു. അധികം വൈകാതെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇന്ത്യയില്‍ ഒന്നാമതായിരുന്ന സാംസങ്ങിനെയും ഷവോമി പിന്നിലാക്കി. സ്മാര്‍ട്ട് ടിവികള്‍ എയര്‍ പ്യൂരിഫയറുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ശ്രേണി വിപുലീകരിച്ചപ്പോഴും അദ്ദേഹത്തിനായിരുന്നു മേല്‍നോട്ടം.
ഷവോമിക്ക് ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളും വെല്ലുവിളികളും ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ എക്‌സിക്യൂട്ടീവുകള്‍ കമ്പനി വിടുന്നത് പതിവാകുകയാണ്.