പഠനം കഴിഞ്ഞ് ജോലി തേടുന്നവരെ സഹായിക്കാൻ ആപ്പുമായി നാൽവർ സംഘം. സീക്ക് അസ് (Zeak us) എന്ന വെബ് ആപ് പ്രവർത്തനം തുടങ്ങി 8 മാസം പിന്നിടുമ്പോൾ വരിക്കാരുടെ എണ്ണം 10,000 പിന്നിട്ടു. ട്യൂഷൻ ക്ലാസിലെ സഹപാഠികളായ എം.എസ്.അബ്ദുൽ സമദ്, എൻ.എസ്.മുഹമ്മദ് ആദിൽ, എം.എൻ. അബ്രാർ സെയ്ദ്, കെ.ആർ.മുഹമ്മദ് റമീസ് എന്നിവരാണ് ബിരുദ പഠനത്തിനു ശേഷം 21-ാം വയസ്സിൽ സംരംഭകരായത്.
ഡ്രൈവർ, സെയിൽസ്‌മാൻ, പ്ലംബർ തുടങ്ങി ഐടി ജോലികൾ വരെയുള്ള തൊഴിൽ അവസരങ്ങൾ ആപ്പിൽ ലഭ്യമാണ്. കൊച്ചി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സീക്ക് അസുമായി നിലവിൽ 500ലേറെ കമ്പനികൾ സഹകരിക്കുന്നുണ്ട്. ജോലിക്ക് അപേക്ഷിക്കുന്നതു മുതൽ അഭിമുഖത്തിനുള്ള പരിശീലനം ഉൾപ്പെടെ കമ്പനി നൽകും.