കട്ടപ്പന ഇടുക്കിക്കവലയിലുണ്ടായിരുന്ന 2 ബാങ്കുകളും അവയുടെ എടിഎമ്മുകളും സിഡിഎമ്മും ഒന്നടങ്കം ഇവിടെ നിന്ന് പ്രവര്‍ത്തനം മാറ്റിയതോടെ പണം പിന്‍വലിക്കാന്‍ നഗരത്തിലെ തിരക്കിലേക്ക് എത്തേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരികളെയാണ് പ്രധാനമായും ഇത് ഏറ്റവുമധികം ബാധിക്കുന്നതും. അത്യാവശ്യത്തിന് പണം എടുക്കുകയോ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയോ ചെയ്യണമെങ്കില്‍ ടൗണിനകത്ത് എത്തണം.
നിലവില്‍ ഇവിടുള്ള എടിഎമ്മില്‍ പലപ്പോഴും പണമുണ്ടാകാറില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഫെഡറല്‍ ബാങ്ക്, എസ്ബിഐ ശാഖകള്‍ ടൗണില്‍ സൗകര്യപ്രദമായ ഇടങ്ങളിലേക്ക് മാറി പ്രവര്‍ത്തനം തുടങ്ങിയതോടെ ഇടുക്കിക്കവല, വലിയകണ്ടം, ഐടിഐ ഭാഗത്തു നിന്നുള്ളവര്‍ക്ക് എടിഎം സിഡിഎം സേവനങ്ങള്‍ക്ക് നഗരത്തിലേക്ക് എത്തേണ്ടി വരുന്നു. എന്നാല്‍ വൈകുന്നേരങ്ങളിലും മറ്റും ഇവിടെ വലിയ തിരക്കനുഭവപ്പെടുന്നുവെന്നും രണ്ടു ബാങ്കുകളും ചെറിയ റോഡുകളിലായതുകൊണ്ട് തന്നെ വാഹനം വഴിയോരത്ത് പാര്‍ക്ക് ചെയ്ത് പോയി പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ടാണെന്നും ജനങ്ങള്‍ പറയുന്നു.
ടൗണിന് നടുവില്‍ പോലീസ് സ്റ്റേഷന് എതിര് വശത്ത് സ്ഥിതി ചെയ്യുന്ന എസ്ബിഐ എടിഎമ്മിന് മുന്പിലാകട്ടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് യാതൊരുവിധ സൗകര്യവും ഇല്ല.
വെള്ളയാംകുടി ഭാഗത്താകട്ടെ പലപ്പോഴും എടിഎമ്മുകളില്‍ പണം ഉണ്ടാകാറില്ലെന്നാണ് ജനങ്ങളുടെ പരാതി. ഇവിടം കഴിഞ്ഞാല്‍ ചെറുതോണിയിലെത്തിയാല്‍ മാത്രമേ എടിഎം സേവനം ലഭ്യമാകുകയുള്ളൂ എന്നത് എറണാകുളം ഭാഗത്തേക്ക് ദീര്‍ഘ യാത്ര പോകുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇതിനൊരു പരിഹാരമായി ഇടുക്കിക്കവലയിലെ എടിഎം സിഡിഎം സേവനങ്ങളെങ്കിലും എത്രയും വേഗം പുനസ്ഥാപിക്കണമെന്നതാണ് വ്യാപാരികളുടെ ആവശ്യം.