ഓണം വാരാഘോഷം സെപ്തംബര്‍ 6 മുതല്‍

0
449

ജില്ലാ രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിലെ ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ ജില്ലയില്‍ സംഘടിപ്പിക്കാന്‍ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനിച്ചു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍ നടക്കാതിരുന്ന ഓണാഘോഷം ഇക്കുറി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ആഘോഷമാക്കി മാറ്റാനാണ് തീരുമാനം. ഓണം വാരാഘോഷത്തിനായി സംസ്ഥാന സര്‍ക്കാന്‍ എട്ട് ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചതായി കളക്ടര്‍ അറിയിച്ചു.
ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്തംബര്‍ ആറിന് വിപുലമായ പരിപാടികളോടെ ചെറുതോണിയില്‍ സംഘടിപ്പിക്കും. രാവിലെ പതാക ഉയര്‍ത്തുന്നതോടെ ആഘോഷപരിപാടിയ്ക്ക് തുടക്കമാകും. ഘോഷയാത്ര, നിശ്ചലദൃശ്യങ്ങള്‍, സെമിനാര്‍, കലാപരിപാടികള്‍, പൊതു സമ്മേളനം എന്നിവ ഉണ്ടാവും. തിരുവോണദിനം, ചതയദിനം എന്നിവ ഒഴികെയുള്ള തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഓണാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കും. ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കും സംഘാടനത്തിനുമായി മണ്ഡലങ്ങളില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിക്കും. ആഘോഷപരിപാടികളുടെ വിശദാംശങ്ങളും പരിപാടികളുടെ വേദിയും നിയോജകമണ്ഡല തല സംഘാടക സമിതി ചേര്‍ന്ന് തീരുമാനിക്കും.
ആഗസ്ത് 19 ന് രാവിലെ തൊടുപുഴയിലും, വൈകിട്ട് നാലിന് ചെറുതോണിയിലും, 20 ന് ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളിലും സംഘാടക സമിതികള്‍ ചേരും. ജില്ലാ തല ഉദ്ഘാടന പരിപാടിക്കായി മൂന്ന് ലക്ഷവും മണ്ഡലങ്ങളിലെ പരിപാടികള്‍ക്ക് ഒരു ലക്ഷം വീതവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സലിന് ഓണം വാരാഘോഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷവും അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടിയ യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി, എം. എം. മണി എം. എല്‍. എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി സത്യന്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് ടി, നിമ്മി ജയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി അസോസിയേഷന്‍ പ്രതിനിധികള്‍, ഡി.ടി.പി.സി. അടക്കമുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.