സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ തല വിത്തുത്സവം തൊടുപുഴ ടൗണ്‍ ഹാളില്‍ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. എല്ലാ ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലും പഴമ നിലനിര്‍ത്തിയുള്ള കാര്‍ഷിക സംരംഭം വേണമെന്നും കളക്ടര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ജൈവവൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന്ന കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയോടനുബന്ധിച്ച് കാര്‍ഷിക പാരമ്പര്യം വരും തലമുറക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിത്തുത്സവം സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് വിത്തിനങ്ങളുടെ പ്രദര്‍ശനം, തനതിന സംരക്ഷക കര്‍ഷകരെ ആദരിക്കല്‍, വിത്ത് കൈമാറ്റം, കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍, പരമ്പരാഗത ഗോത്ര കലാവിരുന്ന് എന്നിവയും സംഘടിപ്പിച്ചു. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയോടനുബന്ധിച്ച് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്ക് 50,000 രൂപ വീതവും 80 കര്‍ഷകര്‍ക്ക് 5000 രൂപ വീതവും നേരത്തെ കൈമാറി.