ഡിഫെര്‍ണീച്ചര്‍(differniture), പേരു പോലെ തന്നെ ഡിഫ്രന്റായൊരു സംരംഭം. ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിക്കുന്ന തടി ഉപയോഗിച്ച് പടുത്തുയര്‍ത്തിയ വ്യത്യസ്തതകള്‍ നിറഞ്ഞ സംരംഭമാണ് ഡിഫെര്‍ണീച്ചര്‍. ഫര്‍ണീച്ചര്‍ നിര്‍മാണത്തിനായി മരം മുറിക്കുന്നത് വഴി പ്രകൃതിക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. എന്നാല്‍, പാഴ് തടി എന്ന പേരില്‍ പ്രതിവര്‍ഷം നമ്മള് പാഴാക്കി കളയുന്ന തടിയുടെ അളവ് ചെറുതല്ല. ഈ തിരിച്ചറിവില്‍ നിന്നാണ് ഡല്‍ഹി സ്വദേശിയായ ആകൃതി കുമാരി ഈ സംരംഭം ആരംഭിക്കുന്നത്.
2014ല്‍ ഒരു കോഫി ടേബിള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു ന്യൂയോര്‍ക്കില്‍ നിന്ന് ഡിസൈനിങ്ങില്‍ ബിരുദം നേടിയ ആകൃതിയുടെ ഈ രംഗത്തേക്കുള്ള ചുവടു വയ്പ്.
തൊട്ടടുത്ത വര്‍ഷം ഡിഫെര്‍ണീച്ചര്‍ എന്ന സംരംഭം ആരംഭിച്ചു.
ഉപേക്ഷിക്കപ്പെട്ട പാഴ് തടിയുപയോഗിച്ച് കസേരകള്‍, മേശകള്‍, സോഫകള്‍, കണ്‍സോളുകള്‍, ഔട്ട്ഡോര്‍ ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, ബാറുകള്‍, കുട്ടികളുടെ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയെല്ലാം ഇന്നിവര്‍ നിര്‍മിക്കുന്നു.
തടിയിലെ അപൂര്‍ണതകള്‍ അപ്പാടെ നിലനിര്‍ത്തിക്കൊണ്ട് ഓരോ ഫര്‍ണീച്ചര്‍ പീസിനും പ്രത്യേക മാനം നല്കി വേറിട്ട സൃഷ്ടിയാക്കുകയാണ് ഈ കലാകാരി.
പ്രകൃതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ് ആകൃതിയുടെ കൂടുതല്‍ ഡിസൈനുകളും.
സിന്തറ്റിക് പോളിഷുകള്‍ പൂര്‍ണമായി ഒഴിവാക്കി, വിഷ മുക്തമായാണ് ഓരോ പീസുകളും നിര്‍മിക്കുന്നത്. തീയും വെള്ളവും പ്രതിരോധിക്കാന്‍ ഈ ഫര്‍ണീച്ചറുകള്‍ക്ക് ശേഷിയുണ്ട്. ഇന്ന് ഇവരുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.
തന്റെ പ്രവര്‍ത്തന മികവിലൂടെ ഫോര്‍ബ്സ് 30 അണ്ടര്‍ 30 പട്ടികയില്‍ ഇടം പിടിക്കാനും ഈ യുവ സംരംഭകയ്ക്ക് സാധിച്ചു.